എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓൺലൈൻ അപേക്ഷയും ഓൺലൈൻ പേയ്‌മെന്റും

Posted on Wednesday, September 1, 2021

csp

എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടൽ എന്ന സുപ്രധാനമായ ചുവടുവയ്പ്പുമായി സംസ്ഥാന സർക്കാർ നൂറുദിന കർമ്മപരിപാടിയിലെ മറ്റൊരു ലക്ഷ്യംകൂടി പൂർത്തിയാക്കുകയാണ്.

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്‌വെയർ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായ (ഐഎൽജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസൺ പോർട്ടൽ  സെപ്തംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. 

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഐഎൽജിഎംഎസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്.

കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് നിലവിൽ വിന്യസിച്ചു പ്രവർത്തിച്ചുവരുന്നുണ്ട്.  രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.  ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈൻ പെയ്മെന്റ് നടത്തുന്നതിനും സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കുന്നതിനും സർക്കാർ നിർദേശപ്രകാരം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ (citizen.lsgkerala.gov.in).

2021 സെപ്റ്റംബർ 1  മുതൽ ഈ  സേവനം  പൊതുജനങ്ങൾക്കു ലഭിക്കുന്നതാണ് .സേവനം വിരൽത്തുമ്പിൽ സാദ്ധ്യമാക്കിക്കൊണ്ടുള്ള  സിറ്റിസൺ പോർട്ടലിന്റെ  ഔപചാരികമായ ഉദ്‌ഘാടനം 2021 സെപ്റ്റംബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം  2.30 മണിക്ക് ബഹു. തദ്ദേശസ്വയംഭരണവും എക്സൈസും വകുപ്പു മന്ത്രി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.